മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ മുറിയില്‍ നിന്നുള്ള എന്‍റെ രാത്രികാല ജനാലക്കാഴ്ച്ചകള്‍ക്ക് എന്തോ ഒരാകര്‍ഷണം ഉണ്ടായിരുന്നു. എന്നോ നഷ്ടപെട്ടതോ ഇതുവരെയും എത്തിപ്പിടിക്കാന്‍ പറ്റാത്തതോ ആയ എന്തിനോ വേണ്ടിയുള്ള തിരച്ചില്‍..സണ്‍ ഷേയ്ടില്‍ നിന്നും ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികള്‍ ജനാലയ്ക്കപ്പുറം മഴനൂലിഴ കര്‍ട്ടന്‍ തീര്‍കുന്നു..കാറ്റില്‍ പൊഴിഞ്ഞു വീണ പ്ലാവിലകള്‍ കൊണ്ട് മൂടിയ പൂഴി റോഡ്,ഇരു വശവും ച്ഹല് തീര്‍ത്തു ഒഴുകുന്ന കലക്ക വെള്ളം..താഴെ വിടര്‍ന്നു നില്‍കുന്ന സുഗന്ധം ഒട്ടും ഇല്ലാത്ത മഞ്ഞ ബന്ദി പൂക്കള്‍..
കുറച്ചകലെയുള്ള ഗൈനകോളജി വാര്‍ഡില്‍ നിന്നും ഇടയ്ക്കിടെ ഉയര്‍ന്നു കേള്‍ക്കുന്ന സുഖകരമായ ഒരു വേദനയുടെ നിലവിളികള്‍,നവജാത ശിശുവിന്‍റെ ആദ്യ കരച്ചിലില്‍ തന്നെ ആ വേദനകള്‍ക്ക് ശുഭ പര്യവസാനം... നഴ്സിംഗ് ഹോസ്റ്റലില്‍ നിന്നും അരിച്ചെത്തുന്ന ബള്‍ബുകളുടെ വെളിച്ചം..ഞങ്ങളുടെ ട്യൂബ് വെളിച്ചത്തിന്‍റെ ആധിക്യത്തില്‍ ആ അരണ്ട വെളിച്ചം നിഷ്പ്രഭം ആകുന്നു..ഇടയ്ക്കിടെ സെക്യൂരിറ്റി ചേട്ടന്‍റെ കാലനക്കവും ബീഡിയുടെ മണവും..എല്ലാവരും പുതുമഴയുടെ തണുപ്പില്‍ സുഖം പിടിച്ചു ഉറങ്ങി കഴിഞ്ഞിരിക്കുന്നു..ഉറക്കം കനം വെപ്പിച്ച എന്‍റെ കണ്ണുകള്‍ അപ്പോഴും പുറത്തെന്തോ തിരഞ്ഞുകൊണ്ടിരുന്നു..
കസേരയില്‍ ഊണിനു ശേഷം എപ്പോഴോ തുറന്നു വച്ച മെഡിസിന്‍ ടെക്സ്റ്റ് ബുക്ക് തുറന്ന മട്ടില്‍ തന്നെ!!ആ രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചു ഡോക്ടര്‍സ് കോംപ്ലെക്സില്‍ നിന്ന് ഒരു ബൈക്ക് ഹോസ്പിറ്റലിലേക്ക് പാഞ്ഞുപോയി.മഴ ഒന്ന് വിശ്രമിക്കാന്‍ എന്നവണ്ണം കുറച്ചൊന്നു തോര്‍ന്നിരിക്കുന്നു..മൊബൈല്‍ ഫോണില്‍ മെസ്സേജ് വന്നതിന്‍റെ ടോണ്‍..പേര് നോക്കി,വായിക്കാതെ തന്നെ ഇന്ബോക്സീലെക്കു തള്ളി..
അടുത്ത മഴ കൂടുതല്‍ ശക്തിയില്‍ തുടങ്ങി കഴിഞ്ഞു...അടുത്തെവിടെയോ ജനല്‍ പാളികള്‍ തള്ളി തുറക്കുന്ന ശബ്ദം..എന്തിനോ വേണ്ടി ആ രണ്ടു കണ്ണുകളും പുറത്തു തിരയുകയാവാം..ഇനിയീ മഴയും രാത്രിയും ഞാന്‍ നിനക്ക് വിട്ടുതരുന്നു സുഹൃത്തേ..ഒരു സുന്ദര സ്വപ്നത്തിന്‍റെ ജനല്‍വാതിലുകള്‍ തുറന്നിട്ട് ഇനി ഞാന്‍ സുഖമായി ഉറങ്ങട്ടെ..